पृष्ठ

Kerala State Youth Welfare Board

Thursday 29 September 2011

NOV 1 st Malayalam

മലയാള ദിനാഘോഷം
മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സംസ്ഥാന തലത്തില്‍ നവംബര്‍ ഒന്നിന് മലയാള ദിനാഘോഷവും ഭാഷാസേവന പുരസ്കാരദാനവും നടത്തും. നവംബര്‍ ഒന്നുമുതല്‍ ഏഴ് വരെ ഭരണഭാഷാ വാരാഘോഷം ജില്ലാ തലങ്ങളില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കും. ഒന്നിന് രാവിലെ 11 ന് എല്ലാ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും എല്ലാ ഓഫീസുകളിലും ഓഫീസ് തലവന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കും. ഭരണഭാഷാ പ്രതിജ്ഞ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് തലവന്‍ ചൊല്ലിക്കൊടുക്കും. “മലയാളം എന്റെ മാതൃഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്കാരത്തേയും ഞാന്‍ ആദരിക്കുന്നു. ഭരണനിര്‍വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാവര്‍ത്രികമാക്കുന്നതിന് എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും” സ്കൂളുകളില്‍ മലയാള ദിനത്തില്‍ ചേരുന്ന അസംബ്ളിയില്‍ മലയാളം മാതൃഭാഷയാക്കിയിട്ടുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും താഴെപ്പറയുന്ന പ്രതിജ്ഞ എടുക്കണം. “മലയാളം എന്റെ മാതൃഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്കാരത്തേയും ഞാന്‍ ആദരിക്കുന്നു. മലയാളത്തിന്റെ വളര്‍ച്ചക്കുവേണ്ടി എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും.” ഭരണഭാഷാ വാരാഘോഷകാലത്ത് ഓഫീസുകളിലും സ്കൂളുകളിലും ആഘോഷം സംബന്ധിച്ച ബാനറുകള്‍ പ്രദര്‍ശിപ്പിക്കും. വാരാഘോഷകാലത്ത് ഓഫീസുകളില്‍ ഭാഷാപോഷണത്തിനും ഭരണഭാഷാമാറ്റത്തിനും ഉതകുന്ന പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, സത്സേവന രേഖയും ഭരണഭാഷാ സേവന പുരസ്കാരവും ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്കാരവും ലഭിച്ചവര്‍ക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കും. ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ഓഫീസുകളില്‍ അഞ്ച് ഇംഗ്ളീഷ് പദങ്ങളും സമാന മലയാള പദങ്ങളും എഴുതിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംബന്ധിച്ച് കീഴ് ഓഫീസുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിവരങ്ങള്‍ സമാഹരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി എല്ലാ വകുപ്പ് തലവന്‍മാരും നവംബര്‍ 30 ന് മുമ്പ് ഔദ്യോഗികഭാഷാ വകുപ്പ് സെക്രട്ടറിക്ക് അയയ്ക്കണം. സംസ്ഥാനതല ആഘോഷപരിപാടികളുടെ ഭാഗമായി നവംബര്‍ ഒന്നിനു രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 



No comments:

Post a Comment

counter dir> /dir> free web page hit counter